Monday, February 21, 2011

മലയാളമായാലെന്താ


ലോക മാതൃഭാഷാ ദിനമാണ് ഇന്ന് . ആഗോളമായ ഒരു നോട്ടത്തില്‍ മലയാളം മറ്റു ഭാഷകളെ അപേക്ഷിച്ച് എന്തെങ്കിലും സവിശേഷതകളുള്ള ഭാഷയാണെന്ന് പറഞ്ഞുകൂട. പക്ഷേ, മലയാളം മാതൃഭാഷയായവര്‍ക്ക് അത് ഭൂമിയിലെ ഏറ്റവും ശക്തമായ ഭാഷയാണ്. ജര്‍മന്‍കാരന് ജര്‍മന്‍ഭാഷയോ ചൈനക്കാരന് ചൈനീസ് ഭാഷയോ പോലെ



''അന്തിയിരുട്ടില്‍, ദിക്കുതെറ്റിയ പെണ്‍പക്ഷി
തന്റെ കൂടിനെച്ചൊല്ലി, തന്റെ
കുഞ്ഞിനെച്ചൊല്ലി സംഭ്രമിച്ചുകരയുന്നു.
എനിക്കതിന്റെ കൂടറിയാം, കുഞ്ഞിനേയുമറിയാം
എന്നാല്‍ എനിക്കതിന്റെ ഭാഷയറിയില്ലല്ലോ''
(കലാപ്രിയ-തമിഴ്കവി)


ഇന്ന് ലോക മാതൃഭാഷാദിനം. ശിശുവായിരുന്ന നാള്‍, നിസ്സഹായനായിരുന്ന നാള്‍, ''ചുണ്ടുമെന്‍ നാവും തിരിയാത്തനാള്‍'', സ്ഥലത്തിനും കാലത്തിനും പുറത്തായിരുന്ന നാള്‍ ആ അന്ധകാരങ്ങളില്‍ നിന്നെന്നെ ക്രമേണ 'കരകയറ്റിയവളു'ടെ സംസാരഭാഷയാണ് മാതൃഭാഷ. ലോകത്തിലേക്ക് എന്നെ ഉണര്‍ത്തിയ, ഉയര്‍ത്തിയ ഭാഷ. കാലം തത്കാലം മാത്രമല്ലെന്നും സ്ഥലം കാണുന്നിടത്തോളം മാത്രമല്ലെന്നും ധരിപ്പിച്ച ആദ്യമാധ്യമം. എല്ലാവരുമെത്തുന്നിടത്തെല്ലാം എന്നെയുമെത്തിച്ച, പുറത്തേക്കും അകത്തേക്കും സഞ്ചരിച്ച ആദ്യത്തെ പൊതുവാഹനം. മൂകയും ബധിരയുമായിരുന്ന ഹെലന്‍ കെല്ലര്‍ ടാപ്പിനു കീഴെ കൈകഴുകിക്കൊണ്ടിരുന്നപ്പോള്‍ ഇടംകൈത്തണ്ടയില്‍ അവളുടെ അധ്യാപിക ആവര്‍ത്തിച്ച് രേഖപ്പെടുത്തിക്കൊണ്ടിരുന്നു, വെള്ളം വെള്ളം എന്ന്. തന്റെ ഉള്ളംകൈയില്‍ വീണൊഴുകിപ്പരക്കുന്ന തണുത്ത പദാര്‍ഥത്തിനും (വസ്തുവിനെ പദാര്‍ഥം എന്നുപറഞ്ഞ ഭാരതീയന്‍ ഒരു വിറ്റ്ഗിന്‍സ്റ്റീനിയന്‍ ഉള്‍ക്കാഴ്ച കാട്ടുകയല്ലേ?) കൈത്തണ്ടയിലെ ആവര്‍ത്തിക്കുന്ന അനുഭവത്തിനും സംബന്ധമുണ്ടെന്ന് അവളറിയുംവരെ. ഒടുവിലൊരനുഗൃഹീത നിമിഷത്തില്‍ (അപ്പോള്‍ ദേവലോകത്തിന്റെ വാതില്‍ തുറന്നു; ആകാശത്തുനിന്ന് പുഷ്പവൃഷ്ടിയുണ്ടായി) അവളറിഞ്ഞു, ഈ കൈയില്‍പ്പടരുന്ന അദ്ഭുതത്തിന്റെ മനുഷ്യഭാഷയിലെ പേരാണ് കൈത്തണ്ടയിലെ ആവര്‍ത്തിക്കുന്ന അസ്വസ്ഥത എന്ന്. അവളത് ഹൃദിസ്ഥമാക്കി. അവളറിഞ്ഞു, ഭൂമിയില്‍ ഭാഷയുണ്ട്. അതില്‍ ഓരോ വസ്തുവിനും പേരുണ്ട്. അവളറിഞ്ഞു, സകലതിനും പേരിട്ട ആദമിനെ. അവളറിഞ്ഞു, ഭാഷ എന്ന മഹാവിസ്മയത്തെ; ചൈതന്യമുള്ള പ്രപഞ്ചത്തെ. അപ്പോള്‍ മുതല്‍ അവള്‍ അന്ധയോ ബധിരയോ മൂകയോ അല്ലാതായി. ഹെലന്‍ കെല്ലറെപ്പോലെ അവിചാരിതമായ ഒരു നിമിഷത്തിലല്ല നാമറിയുന്നതെന്നതിനാല്‍ അത്രമേല്‍ ആ അതിശയം നാമറിയുന്നില്ല. എങ്കിലും ചിലപ്പോള്‍ ആദ്യമായി ഭാഷയിലെത്തുന്നവന്റെ അദ്ഭുതവും ആഹ്ലാദവും നാമറിയാറുണ്ട്. കവിതയുള്‍പ്പെടെയുള്ള എല്ലാ ബോധോദയങ്ങളിലും ('ൃാഹഷസറവൃൗവൃറീ) അതുണ്ട്. ബോര്‍ഹെസ്സ് എഴുതുന്നു: ''ഇരുട്ടില്‍ തീപ്പെട്ടിയുരച്ച് തീ കത്തിക്കുമ്പോള്‍ നാം ആദ്യമായി തീയുണ്ടാക്കിയ മനുഷ്യന്‍കൂടിയാവുകയാണ്. നാം വെളിച്ചം നിര്‍മിച്ചിരിക്കുന്നു. ഒരേസമയം ആദിമവും അനന്തവുമായ വിസ്മയാനുഭവമാണ് മാതൃഭാഷ.''


ആഗോളമായ ഒരു നോട്ടത്തില്‍, ഇതരഭാഷകളെ അപേക്ഷിച്ച് മലയാളം എന്തെങ്കിലും സവിശേഷതകളുള്ള ഭാഷയാണെന്ന് പറഞ്ഞുകൂടാ. പല അപര്യാപ്തതകളുമുള്ള വളര്‍ച്ച പൂര്‍ത്തിയായിട്ടില്ലാത്ത ഒരു ഭാഷ. പക്ഷേ, മലയാളം മാതൃഭാഷയായവര്‍ക്ക് ആ നിലയിലും അത് ഭൂമിയിലെ ഏറ്റവും ശക്തമായ ഭാഷയാണ്. ജര്‍മന്‍കാരന് ജര്‍മന്‍ഭാഷയോ ചൈനക്കാരന് ചൈനീസ് ഭാഷയോ പോലെ. അസദൃശമായ ഒരു ഭാഷ. സത്യമായ ഏക ഭാഷ. വേരുകളുള്ള ശബ്ദങ്ങള്‍ യാദൃച്ഛികമല്ലാത്ത ജൈവഭാഷ. ഭാഷയിലെ പദങ്ങള്‍ 'ആര്‍ബിട്രറി' ആകാം. പക്ഷേ, മാതൃഭാഷയിലെ പദങ്ങള്‍ കേവലസാങ്കേതികങ്ങള്‍ അല്ല. വാഗര്‍ഥാവിവസംപൃക്തൗ എന്നത് കാവ്യലക്ഷണം മാത്രമല്ല, മാതൃഭാഷാലക്ഷണം കൂടിയാണ്. മാതൃഭാഷയിലാണ് ഊടറിയാവുന്ന പദങ്ങളുള്ളത്. നമ്മുടെ സംസ്‌കാരത്തിന്റെ നേരുള്ള ശൈലികളും പ്രയോഗവൈചിത്ര്യങ്ങളുമുള്ളത്. സൃഷ്ടിക്കാവുന്ന, തിരുത്താവുന്ന, വളര്‍ത്താവുന്ന സര്‍ഗാത്മകതയുള്ള (ബഷീറോ വി.കെ.എന്നോ മാതൃഭാഷയില്ലാതെ സാധ്യമല്ല). സ്വന്തം ഭൂപ്രകൃതിയെ, കാലാവസ്ഥയെ അറിഞ്ഞ ഭാഷയാണത്. രൂപംകൊള്ളലില്‍ അവയെല്ലാം പങ്കെടുത്ത ഭാഷയാണത്. സങ്കീര്‍ണമായ സാഹിത്യത്തിന്, ആത്മാര്‍ഥമായ കലഹത്തിന്, സൂക്ഷ്മമായ സംവാദത്തിന്, ഹൃദ്യമായ സല്ലാപത്തിന് മാധ്യമമായി മാതൃഭാഷ വേണം. അവനവനിലെ കവിക്ക്, വാഗ്മിക്ക് മാതൃഭാഷ വേണം അതിശയിക്കാന്‍. ഭാഷയോളമാണ് മനുഷ്യന്‍ എന്നു പറയുന്നു വിറ്റ്ഗിന്‍സ്റ്റിന്‍. ലോകത്തില്‍ ഒരു ഭാഷയിലും സ്ത്രീ രണ്ടുലിംഗത്തെയും പ്രതിനിധീകരിക്കുന്ന സര്‍വനാമമല്ല എന്നു പറയുമ്പോള്‍ ഭാഷയിലാണ് വിവേചനത്തിന്റെ അടിസ്ഥാനമെന്നു പറയുകയാണ് സൂസന്‍ സൊണ്ടാഗ്. ജോര്‍ജ് ബുഷ് 2003-ലെ സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ പ്രസംഗത്തില്‍ ഫ്രാവമിൃവലയ്ത്ത എന്ന പദത്തിനു പകരം ഫ്രറസ്ുഷസറയ്ത്ത എന്ന പദമായിരുന്നു ഉപയോഗിച്ചതെങ്കില്‍ ഇറാഖ് യുദ്ധവും അനേകരുടെ മരണവും ഒഴിവാക്കാനാവുമായിരുന്നു എന്ന് സ്റ്റീഫന്‍ പിങ്കര്‍. നിങ്ങള്‍ ശരിയായി മനസ്സിലാക്കപ്പെട്ടു എന്നതിന് നിങ്ങളുടെ ഭാഷ ശരിയായി മനസ്സിലാക്കപ്പെട്ടു എന്നാണര്‍ഥം. പറഞ്ഞത് തെറ്റിദ്ധരിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്കുണ്ടാവുന്ന ഈറ, പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടിടത്തോളം മാത്രമല്ല, നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടോളമാണ്. നിങ്ങളുടെ ഭാഷയോളമാണ് നിങ്ങള്‍. ഭാഷ കേവലമായ ആശയവിനിമയോപായം മാത്രമല്ല, സംസ്‌കാരവാഹിനികൂടിയാണ്. ഭൂമിയിലെ ഏറ്റവും വലിയ മന്ദിരങ്ങള്‍ ഭാഷയില്‍ പണിയപ്പെട്ടത്. 'യുദ്ധവും സമാധാനവും' എന്ന കൃതിയോളം ഉയരമില്ല 'വേള്‍ഡ് ട്രേഡ് സെന്ററി'ന്. ഷേക്‌സ്​പിയര്‍കൃതികളെക്കുറിച്ചുള്ള ഹരോള്‍ഡ് ബ്ലൂമിന്റെ പഠനത്തിന്റെ പേര് 'ഇന്‍വെന്‍ഷന്‍ ഓഫ് മാന്‍' എന്നാണ്. ആദിയില്‍ വചനമുണ്ടായി എന്നതിന്നര്‍ഥം പിന്നീടുള്ള വളര്‍ച്ചയെല്ലാം ഭാഷയിലൂടെ സാധിച്ചതുകൂടിയാണ് എന്നതാണ്. ദൈവത്തിന്റെപോലും വെല്ലുവിളിയാവുന്ന വലിയ ഉയരം ഭാഷയിലാണ് എന്നതാണ് ബാബേലിന്റെ പൊരുള്‍. പക്ഷേ, ഉയര്‍ത്തപ്പെട്ടത് മാതൃഭാഷയിലായിരുന്നു. അതിനെ ശിഥിലമാക്കിക്കൊണ്ട്, ആദ്യത്തെ അനൈക്യത്തിലൂടെ മനുഷ്യന്‍ തോല്പിക്കപ്പെട്ടു. ഭാഷയോളമാണ് മനുഷ്യനെന്ന് വിറ്റ്ഗിന്‍സ്റ്റിന്‍ പറഞ്ഞതും സ്വന്തം മാതൃഭാഷയിലാണ്. എലിയറ്റാണോ ആശാനാണോ വലിയ കവി എന്ന ചോദ്യത്തിന്റെ ശരിയായ ഉത്തരം ഇംഗ്ലീഷ് മാതൃഭാഷയായവര്‍ക്ക് എലിയറ്റും മലയാളം മാതൃഭാഷയായവര്‍ക്ക് ആശാനുമാണെന്നാണ്. എഴുതപ്പെട്ടതേതു ഭാഷയിലാണോ ആ ഭാഷയിലന്തര്‍ലീനമായ സംസ്‌കാരത്തിന്റെ സാധ്യതകളുടെകൂടി സാഫല്യമാണ് കവിത. മുന്തിയ ഏത് ഭാഷാനുഭവവും ഇന്ത്യന്‍ ഭാഷയിലെ ക്ലാസ്സിക്കുകളോളം പോന്നവയല്ല. പോന്നവയല്ല ഇന്ത്യനിംഗ്ലീഷിലെ ക്ലാസ്സിക്കുകള്‍. 'ആരോഗ്യനികേതന'ത്തെയോ 'പാത്തുമ്മയുടെ ആടി'നെയോ സമീപിക്കാന്‍ പോന്ന കൃതികളല്ല 'ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സോ' 'മിഡ്‌നൈറ്റ് ചില്‍ഡ്രനോ'. ഇംഗ്ലീഷ് പോലെ ഇന്ത്യന്‍ മണ്ണില്‍ വേരുകളില്ലാത്ത ഒരു ഭാഷകൊണ്ട് കൂടുതല്‍ കാര്യക്ഷമമായി നിര്‍വഹിക്കാവുന്നവയായി നമ്മുടെ ഭാഷാവശ്യങ്ങള്‍ എന്നതിന്നര്‍ഥം ജീവിതം ഉപരിപ്ലവവും വൈദേശികവും ആയി എന്നാണ്. ഇംഗ്ലീഷില്‍ മാപ്പുപറഞ്ഞാല്‍ മാത്രം മാപ്പുകിട്ടുന്ന, ഇംഗ്ലീഷില്‍ പ്രണയാഭ്യര്‍ഥന നടത്തിയാല്‍ മാത്രം സ്വീകാര്യമാവുന്ന (ഒരു ഹിന്ദി സിനിമയില്‍ 'ഐ ലൗ യൂ' എന്ന് നാലുതവണ നായകന്‍ പറഞ്ഞപ്പോഴാണ് നായിക സമ്മതാര്‍ഥത്തില്‍ ലജ്ജിച്ചത്), ഇംഗ്ലീഷ് ഉപയോഗിക്കുമ്പോള്‍ മാത്രം 'സീരിയസ് മാന്‍' ആകുന്നതിലെ കോമാളിത്തം നാം അറിയാത്തതെന്ത്? അന്യഭാഷയിലൊരു പദത്തിന്റെ അര്‍ഥം മറ്റൊരു പദമാണ്. മാതൃഭാഷയിലൊരു പദത്തിന്റെ അര്‍ഥം ചിലപ്പോള്‍ ഒരനുഭൂതിയാണ്, ഒരു മനോവിസ്തൃതിയാണ്, ഒരു തിരിച്ചറിവാണ്. അയ്യപ്പപ്പണിക്കരുടെ 'കുതിരനൃത്തം' എന്ന കവിതയില്‍ ഒരൊറ്റക്കാലന്‍ കുതിര ഇരുകാലിക്കുതിരയെയും മുക്കാലിക്കുതിരയെയും നാല്‍ക്കാലിക്കുതിരയെയും കൂടെ നൃത്തംചെയ്യാന്‍ ക്ഷണിക്കുന്നു. നൃത്തം തുടര്‍ന്നപ്പോള്‍ ആദ്യം നാല്‍ക്കാലി, തുടര്‍ന്ന് മുക്കാലി, ഒടുവില്‍ ഇരുകാലി കുതിരകള്‍ നിപതിക്കുന്നു. ഒറ്റക്കാലന്‍ അനായാസമായി നൃത്തം തുടരുന്നു. ജീവിതം ഒറ്റക്കാലന്‍ കുതിരയുടെ നൃത്തമായ പുതിയ കാലത്ത് (കലിയുഗത്തില്‍ ഒറ്റക്കാലില്‍ സഞ്ചരിക്കുന്ന ധര്‍മദേവനെക്കുറിച്ച് ഭാഗവതത്തിലും പറയുന്നുണ്ട്), ഭാഷ 'ഫങ്ഷനല്‍ ലാംഗ്വേജ്' ആയിത്തീര്‍ന്ന കാലത്ത്, 'കാലം' 'തത്കാല'മായിത്തീര്‍ന്ന കാലത്ത്, ജീവിതം ഉപരിതലങ്ങള്‍ മാത്രമായിത്തീര്‍ന്ന പുതിയ കാലത്ത് മാതൃഭാഷ അസംഗതമായിത്തീരുന്നത് യാദൃച്ഛികമായിരിക്കാം.
മലയാളിയുടെ സംഭാഷണഭാഷയില്‍ വന്ന പരിണാമത്തെക്കുറിച്ചുള്ള പഠനങ്ങളൊന്നും കണ്ടിട്ടില്ല. പക്ഷേ, ഒന്നുറക്കെപ്പറയാം, സംഭാഷണഭാഷയുടെ സര്‍ഗാത്മകത, കാവ്യാത്മകത കുറയുകയാണ്. ഭാഷണത്തിന്റെ തോതുതന്നെ സമീപവര്‍ഷങ്ങളില്‍ പുതുമാധ്യമങ്ങളുടെ സാഹചര്യംകൊണ്ടുകൂടിയാവാം കുറഞ്ഞിരിക്കുന്നു. മലയാളം പറയാതെ മലയാളിക്ക് ജീവിക്കാം എന്നായിട്ടുണ്ട്. ഉച്ചാരണപ്പിഴവുകള്‍, അക്ഷരത്തെറ്റുകള്‍, അച്ചടിത്തെറ്റുകള്‍ എന്നീ അലസതകള്‍ സ്വാഭാവികമായി. സംസാരത്തില്‍ വക്രോക്തികള്‍, ധ്വനികള്‍, ഉക്തിവൈചിത്ര്യങ്ങള്‍ കുറഞ്ഞു. എസ്.കെ. പൊറ്റെക്കാട്ടിന്റെ 'അന്തകന്റെ തോട്ടി'യിലെ ഉക്കുണ്ണിനായരെപ്പോലുള്ളവര്‍, സമൂഹത്തില്‍ കുറഞ്ഞു. കരിനാക്കോ പൊട്ടിക്കണ്ണോ പോലുള്ള തീവ്രമായ ഭാഷാപ്രയോഗങ്ങളില്‍ ആളുകള്‍ക്ക് സിദ്ധി കുറഞ്ഞു. സംഭാഷണത്തില്‍ ശൈലികള്‍, പഴഞ്ചൊല്ലുകള്‍, കാവ്യശകലങ്ങള്‍ ഒക്കെ ഇടകലര്‍ന്നുവന്ന പാരമ്പര്യം ക്ഷയിച്ചു. സംസാരസുഖം കുറഞ്ഞു.
അയല്‍സംസ്ഥാനങ്ങളില്‍ ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി കിട്ടിയതിനെക്കുറിച്ച് നാം അസ്വസ്ഥരാണെങ്കിലും മാതൃഭാഷയ്ക്കുവേണ്ടി ആ നാടുകളില്‍ നടക്കുന്നതിനെക്കുറിച്ച് നമുക്കൊരസ്വസ്ഥതയുമില്ല. ഭൂമിയിലുള്ള വലിപ്പങ്ങളൊക്കെ തമിഴ്ഭാഷ സംസാരിക്കണമെന്ന് തമിഴ്‌നാട് ഉറപ്പിച്ചിറങ്ങിയിരിക്കുന്നു. നോക്കുക, തമിഴ്‌നാടിന്റെയും കര്‍ണാടകത്തിന്റെയും തെലുങ്കുദേശത്തിന്റെയുമെല്ലാം പേരുകള്‍, മാതൃഭാഷയിലാണ് ഏറ്റവും ശക്തമായ തനിമ എന്നതിന്റെ പ്രഖ്യാപനങ്ങള്‍ കൂടിയാണ്. സാങ്കേതികപദങ്ങള്‍ തമിഴിലാക്കപ്പെട്ടതിന്റെ ചെറിയൊരനുപാതം പോലും 'ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്' എന്ന വികൃത സമസ്തപദം അസ്വാഭാവികമായിത്തോന്നാത്ത മലയാളത്തിനു സാധിച്ചിട്ടില്ല. മലയാളത്തിന്റെ വളര്‍ച്ച നിലച്ചിട്ട് വര്‍ഷങ്ങളായി.
'കേരളം' എന്ന പേരിനെ സാധൂകരിക്കാന്‍ ചരിത്രത്തെയോ ചില കേവല സന്ദേഹങ്ങളെയോ കൂട്ടുപിടിക്കുന്ന നാം നമ്മുടെ നാട്ടിന് മലയാളം എന്ന് പേരിട്ടാലെന്താണ് എന്നാലോചിക്കാത്തതെന്താണ്? മാതൃഭാഷപോലെ ശരിയായ തന്മയില്ല, അടയാളമില്ല, ശക്തിയില്ല, മതേതരമായ ഐക്യമില്ല. കേരളം മലയാളമാവുമ്പോള്‍ ഭൂമിയിലെ എല്ലാ മലയാളികള്‍ക്കും പെട്ടെന്നൊരു ജന്മദേശം കിട്ടുകയാണ്. കേവലമായ അതിജീവനത്തിന് തുണയ്ക്കാത്ത ഒരു ദുഷ്‌പേരിനു പകരം ഒരു സല്‍പേ ്പര് കിട്ടുകയാണ്. മാതൃഭാഷയെക്കാള്‍ വലിയ അഭിമാനമില്ല.

No comments:

Post a Comment

World Famous Personalities: Will Smith

Will Smith byname of Willard Christopher Smith, Jr. Actor, musician. Born Willard Christopher Smith Jr., to mother Caroline, a school board...